പുകസ സംസ്ഥാന സെക്രട്ടറിക്കെതിരായ ആരോപണത്തിൽ വിശദീകരണവുമായി അഡ്വ. സുധീഷ് വെൺപാല രംഗത്ത്
തിരുവല്ല: പുരോഗമന കലാസാഹിത്യ സംഘം ( പു ക സ ) സംസ്ഥാന സെക്രട്ടറി എ ഗോകുലേന്ദ്രന് എതിരെ ഉയർന്ന ആരോപണത്തിൽ വിശദീകരണവുമായി ജില്ലാ സെക്രട്ടറി. പു ക സ ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാലയാണ് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ എഴുത്തുകാരി 2021 ലാണ് ഗോകുലേന്ദ്രന് എതിരെ സോഷ്യൽ മീഡിയയിലൂടെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തൽ ചർച്ചയായെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പു ക സ സംസ്ഥാന കമ്മിറ്റി നടത്തിയ അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്നും ആക്ഷേപം ഉണ്ടായിരുന്നു. കഴിഞ്ഞമാസം കണ്ണൂരിൽ നടന്ന പു ക സ സംസ്ഥാന സമ്മേളനത്തിൽ ഗോകുലേന്ദ്രൻ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആരോപണം വീണ്ടും ശക്തമാവുകയായിരുന്നു.
തുടർന്ന് കൃത്യമായ അന്വേഷണം നടത്തുന്നതിന് വേണ്ടി വി എൻ മുരളി, സുജാസൂസൻ ജോർജ്, എ ജി ഒലീന, ടി എൻ സരസമ്മ എന്നിവർ അടങ്ങുന്ന നാലാം കമ്മീഷനെ സംസ്ഥാന കമ്മിറ്റി നിയോഗിച്ചു. 2008 ൽ തനിക്ക് 14 വയസ്സ് പ്രായമുള്ളപ്പോൾ പുരോഗമന കലാസാഹിത്യസംഘം ക്യാമ്പിൽ വച്ച് ഗോകുലേന്ദ്രൻ ലൈംഗിക അതിക്രമം നടത്തി എന്നതായിരുന്നു എഴുത്തുകാരിയുടെ വെളിപ്പെടുത്തൽ.
തുടർന്നും മോശം അനുഭവങ്ങൾ ഉണ്ടായി. വെളിപ്പെടുത്തൽ നടത്തിയ ശേഷം ഒപ്പമുണ്ട് എന്ന് കരുതിയവർക്കും പോലും വിവേചനം കാട്ടിയെന്നും എഴുത്തുകാരി പിന്നീട് പ്രതികരിച്ചിരുന്നു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഗോകുലേന്ദ്രനെ സംഘടന ചുമതലയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ് എന്നും ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഗോകുലേന്ദ്രന് എതിരെ ഉയർന്ന ആരോപണം വിശ്വസിക്കുന്നില്ല എന്നും സുധീഷ് വെൺപാല പറഞ്ഞു