അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം ; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്ക് മുൻകൂർ ജാമ്യം
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് ആശ്വാസം. ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ള എട്ട് പ്രതികൾക്കും പത്തനംതിട്ട ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറിയത്. തുടക്കത്തിൽ പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല.
എന്നാൽ, സി.പി.എം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ സംഭവം വലിയ വിവാദമായി. ഇതോടെ പൊലീസ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിചേർക്കുകയായിരുന്നു. അതേസമയം, സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ വേണ്ടിയാണ് സ്റ്റേഷനിലെത്തിയതെന്നും, പൊലീസ് നിർദ്ദേശിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും ശ്രീനാദേവി വിശദീകരിച്ചു.
.jpg)

