അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് കസ്റ്റഡിയിൽ
പത്തനംതിട്ട : അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വലിയ ദുരൂഹതയിലേക്ക്. കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.
സ്റ്റെയർകേസിന്റെ പിടിയിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഷെഹന. യുവതി മരിക്കുന്ന സമയം ആൺസുഹൃത്ത് വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹത്തിൽ രക്തം കണ്ടതാണ് കേസിൽ സംശയം വർദ്ധിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ എടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
യുവതിയുടെ മരണത്തിൽ അസ്വാഭാവികമായ സാഹചര്യങ്ങൾ ഉണ്ടെന്ന് പ്രാഥമിക നിഗമനത്തിൽ തന്നെ വ്യക്തമാണ്. മൃതദേഹത്തിലെ മുറിവുകളും രക്തസ്രാവവും മരണത്തിൽ ബാഹ്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നു. ഫോറൻസിക് പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. നിലവിൽ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ മൊഴികൾ ശാസ്ത്രീയ തെളിവുകളുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
.jpg)

