കണ്ണൂർ സർവ്വകലാശാലയിലെ വ്യാജ കോഴ്സിലെ അഡ്മിഷൻ ; ഗവർണ്ണർക്ക് പരാതി നൽകി പി.മുഹമ്മദ്‌ ഷമ്മാസ്

shammas
shammas

കണ്ണൂർ : കെ-റീപ്  സോഫ്റ്റ്‌വെയറിന്റെ മറവിൽ കണ്ണൂർ സർവ്വകലാശാലയിൽ നടന്ന വ്യാജ കോഴ്സിലെ വ്യാജ അഡ്മിഷൻ സംബന്ധിച്ച് ചാൻസലർക്ക് പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസാണ് ചാൻസലർ കൂടിയായ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറിന് പരാതി നൽകിയത്.

വി സി യും രജിസ്ട്രാറും ഉൾപ്പടെയുള്ളവർക്കെതിരെയുള്ള പരാതിയിൽ വ്യാജ അഡ്മിഷൻ ക്രമക്കേടിന് പിന്നിലെ സാമ്പത്തീക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.

കെ-റീപ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി ആശങ്കകൾ ആരംഭ ഘട്ടത്തിൽ തന്നെ  ഉയർന്നുവന്നിരുന്നുവെന്നും കഴിഞ്ഞയാഴ്ച  പ്രഖ്യാപിച്ച നാലുവർഷ ഡിഗ്രി കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം സർവകലാശാല ഔദ്യോഗികമായി പുറത്ത് വിടുന്നതിന് മുമ്പ് കെ-റീപ് സോഫ്റ്റ്‌വെയറിലൂടെ ചോരുന്ന സാഹചര്യവും കണ്ണൂർ സർവകലാശാലയിൽ ഉണ്ടായെന്നും അത് പോലെ തന്നെ അംഗീകാരമില്ലാത്ത വ്യാജ കോഴ്സിന്റെ പരീക്ഷ ഫലം ഔദ്യോഗികമായി സർവകലാശാല തന്നെ പ്രസിദ്ധീകരിച്ചത് ഞെട്ടിക്കുന്നതാണെന്നും വിഷയം പുറത്തുവന്നപ്പോഴുള്ള സർവ്വകലാശാല വൈസ് ചാൻസലറുടെയും രജിസ്ട്രാർ ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനത്തിന്റേയും ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങൾ ആശങ്കാജനകവും സംശയാസ്പദവുമാണെന്നും ഷമ്മാസ് പരാതിയിൽ പറയുന്നു.

അംഗീകാരമില്ലാത്ത കോഴ്സിൽ അഡ്മിഷൻ നൽകിയ സംഭവത്തിൽ പലതും മറച്ചുപിടിച്ച് വഴിവിട്ട നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സമീപനമാണ് വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു വരുന്നതെന്നും ഒരു വശത്ത് കെ-റീപ് സോഫ്റ്റ്‌വെയറിന്റെ നിലവാരവും വിശ്വാസ്യതയും ചോദ്യചിഹ്നമാകുമ്പോൾ മറുവശത്ത് ഈ ക്രമക്കേടിന് ഒത്താശ ചെയ്യുന്ന സർവ്വകലാശാല നടപടികളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും കണ്ണൂർ സർവ്വകലാശാലയിൽ നടക്കുന്ന ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും മുഹമ്മദ് ഷമ്മാസ് ചാൻസലർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

Tags