കണ്ണൂരില്‍ ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം


ബാബുവിന്റെ മര്‍ദനമേറ്റാണ് രജനിയുടെ മരണം.
കണ്ണൂര്‍ ഇരിക്കൂരില്‍ ദുരൂഹ സാഹചര്യത്തില്‍ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് തവിഞ്ഞാല്‍ സ്വദേശിനി രജനി ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാബുവിന്റെ മര്‍ദനമേറ്റാണ് രജനിയുടെ മരണം. മര്‍ദിക്കുന്ന സമയത്ത് ബാബു മദ്യലഹരിയിലായിരുന്നു.
ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ബാബു അയല്‍വാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയില്‍ രജനിയും ബാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും തുടര്‍ന്നുളള മര്‍ദനമാണ് മരണകാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് ശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ രജനിയുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി വ്യക്തമായി. ഇതോടെയാണ് കൊലപാതക സാധ്യത തെളിഞ്ഞത്. ഇരിക്കൂരില്‍ കശുവണ്ടി തോട്ടത്തില്‍ ജോലിക്ക് എത്തിയതായിരുന്നു രജനി. ഇവര്‍ക്കൊപ്പം ബാബുവും മക്കളും ഇരിക്കൂരിലേക്ക് വരികയായിരുന്നു.