അടിമാലിയിൽ കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്ക്

അടിമാലി: ചിന്നക്കനാല്‍ എണ്പതേക്കറിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്ഷകന് പരിക്കേറ്റു. രാജാക്കാട് തയ്യില്‍ ജോണിക്കാണ് പരിക്കേറ്റത്. രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ശനിയാഴ്ച രാവിലെ എട്ടിന് ചിന്നക്കനാല്‍ ബി.എല്‍ റാമിലുള്ള ഏലത്തോട്ടത്തിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം.
റോഡില്‍ നിലയുറപ്പിച്ച ഒറ്റയാനെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് ജോണി കണ്ടത്. ബൈക്കില്‍ തുമ്പിക്കെകൊണ്ട് തട്ടിയതിനെ തുടർന്ന് തെറിച്ചുവീണ ജോണി സമീപത്തെ കലുങ്കിന് താഴേക്ക് വീണതിനാൽ രക്ഷപ്പെട്ടു. നാട്ടുകാര്‍ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിന്നീട് ഒറ്റയാനെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
ചിന്നക്കനാല്‍, ആനയിറങ്കല്‍, പൂപ്പാറ മേഖലകളിലെ ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന ചക്ക കൊമ്പനാണ് ജോണിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.