യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ക്രൂരമായ മര്‍ദ്ദനം അട്ടിമറിക്കാന്‍ ശ്രമിച്ച എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അടിയന്തര നടപടിയെടുക്കണം ; ജിന്റോ ജോണ്‍
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പൊലീസുകാരെ രക്ഷിച്ചെടുക്കാന്‍ റിപ്പോര്‍ട്ടുകള്‍ തിരുത്തിച്ചതുള്‍പ്പെടെയുള്ള ഗുരുതര പൗരാവകാശ ലംഘനങ്ങളാണ് അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്നത്.
ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ക്രൂരമായ മര്‍ദ്ദനം അട്ടിമറിക്കാന്‍ ശ്രമിച്ച എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍േറാ ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 'സൂപ്പര്‍ ഡിജിപി'യും കള്ളന് കഞ്ഞിവെച്ച ആളുമായിരുന്നു അജിത് കുമാറെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയമിച്ച ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തെ കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, നീതിബോധമുള്ള സാധാരണ ജനങ്ങളും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ വൈകുന്നത് നീതിബോധത്തെ വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പൊലീസുകാരെ രക്ഷിച്ചെടുക്കാന്‍ റിപ്പോര്‍ട്ടുകള്‍ തിരുത്തിച്ചതുള്‍പ്പെടെയുള്ള ഗുരുതര പൗരാവകാശ ലംഘനങ്ങളാണ് അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതിരുകവിഞ്ഞ രാജഭക്തി തെളിയിക്കാനും തന്റെ ഇരിപ്പിടം അരക്കിട്ടുറപ്പിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, പൂരം കലക്കല്‍, തൃശൂരില്‍ ബിജെപിയുടെ വിജയത്തിന് കളമൊരുക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, സ്വര്‍ണ്ണക്കടത്ത്, മാമി തിരോധാനം, ശബരിമലയിലെ അനധികൃത ട്രാക്ടര്‍ യാത്ര തുടങ്ങിയ നിരവധി വിവാദങ്ങളില്‍ പങ്കാളിയായ ഒരു ഉദ്യോഗസ്ഥന് ഇനി ഒരുതരത്തിലുള്ള പ്രിവിലേജും സംരക്ഷണവും ഈ സര്‍ക്കാരില്‍ നിന്ന് ലഭിക്കരുത്.
ഡിജിപിയുടെ ഓഫീസില്‍ മൂന്നാഴ്ചയായി കെട്ടിക്കിടക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയം അടിയന്തരമായി കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളണം. 'ഓപ്പറേഷന്‍ തൂഫാന്‍' വഴി മാതൃകാപരമായ നിലപാടുകള്‍ സ്വീകരിച്ചതുപോലെ, പൊലീസിലെ ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ തലവനായ അജിത് കുമാറിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണം. ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന, റിപ്പോര്‍ട്ട് തിരുത്തിക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും വൈകുന്നത് സാധാരണ ജനങ്ങളില്‍ സംശയമുണ്ടാക്കുമെന്നും ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
.jpg)

