ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടിയുടെ അധിക ബാധ്യത; ജിഎൻഎയുമായുള്ള കരാറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ സർക്കാരിനുണ്ടാകുന്ന 2232 കോടി രൂപയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎൻഎ വഴി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഫയലുകളാണ് സർക്കാരിന് മുന്നിലെത്തിയത്. ഹിമാചലിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിനേക്കാൾ ലാഭകരം ജിഎൻഎ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63-8.90 രൂപ നിരക്കിൽ വാങ്ങുന്നതാണ്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. ജിഎൻഎയുമായുള്ള കരാറിലൂടെ യൂണിറ്റിന് അധിക ബാധ്യത 2.6 രൂപ മാത്രമായി ചുരുങ്ങുമ്പോൾ, ഹിമാചലിൽ നിന്നാണെങ്കിൽ അത് 8.5 രൂപയായി ഉയരും. കൂടാതെ ഉപഭോഗം ഏറ്റവും കൂടിയ പീക്ക് സമയങ്ങളിൽ ഹിമാചലിൽ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതി ലഭിക്കുമ്പോൾ ജിഎൻഎയിൽ നിന്ന് 453 മെഗായൂണിറ്റ് വൈദ്യുതി കിട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരുമായി നേരിട്ടല്ല, മറിച്ച് പവർ ട്രേഡിങ് കോർപ്പറേഷൻ വഴിയാണ് ഈ ഇടപാട് നടക്കുന്നത്. എട്ടു രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി ഒഴിവാക്കി 14 രൂപയ്ക്ക് വാങ്ങാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന 2025-ൽ ഇതേ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് എൻടിപിസിയിൽ നിന്ന് കുറച്ച് വൈദ്യുതി മാത്രമാണ് വാങ്ങിയത്. ബാക്കി മുഴുവൻ ജിൻഡാൽ, അദാനി, ജിഎൻഎ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിൽ നിന്നായിരുന്നു വാങ്ങിയത്. ഇതിന്റെ കൃത്യമായ പട്ടിക പക്കലുണ്ട്. കഴിഞ്ഞ രണ്ടുമാസവും കെഎസ്ഇബി ഭൂരിഭാഗം വൈദ്യുതിയും സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.
.jpg)

