വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയത് അദാനിക്ക് വേണ്ടി‌,ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ലെന്ന് വ്യക്തമായി : കെ.കെ. രാഗേഷ്

kk ragesh , vd satheshan,divya s iyer

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയത് അദാനി ഗ്രൂപ്പിന്റെ താൽപര്യത്തിന് അനുസൃതമായാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.മംഗലാപുരത്തുപോയി മുഖ്യമന്ത്രി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം ഓരോന്നായി പുറത്തുവരാൻ തുടങ്ങിയിരിക്കുകയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. 

ദിവ്യയെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ അദാനി അധികൃതർ പലതവണ ശ്രമിച്ചതായി കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. പോർട്ടിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി നിലപാടെടുത്തു. കരാർ വ്യവസ്ഥയിൽ അദാനി അധികൃതർ മാറ്റത്തിന് ശ്രമിച്ചപ്പോൾ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ് അയ്യർ. ഭരണ മാറ്റം ഉണ്ടായ ഉടനെ ദിവ്യയെ സ്ഥലം മാറ്റി. പകരം ഒട്ടും അനുഭവ പരിജ്ഞാനം ഇല്ലാത്ത ഉദ്യോഗസ്ഥനെയാണ് നിയമിച്ചത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ കെ രാഗേഷ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

 വകുപ്പ് ഏറ്റെടുത്തപ്പോൾ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പും ഏറ്റെടുത്ത കേരള ചരിത്രത്തിലെ ആദ്യത്തെ മന്ത്രിസഭയാണിത്. മാത്രമല്ല സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയും ആക്കി മണിക്കൂറുകൾക്കകം നിയമിക്കുന്നു. വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദിവ്യയെ രായ്ക്കുരാമാനം സ്ഥലം മാറ്റി. തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് യാതൊരു ധാരണയുമില്ലാത്ത ആളാണ് പകരം വന്നതെന്ന് കെ കെ രാഗേഷ് പറയുന്നു.

വിഴിഞ്ഞം കരാറിലെ വ്യവസ്ഥയിൽ അദാനി അധികൃതർ എന്തെങ്കിലും വിധത്തിലുള്ള വ്യതിയാനം വരുത്താൻ ശ്രമിച്ച ഘട്ടത്തിലെല്ലാം അത് തടയുന്നതിന് സംസ്ഥാന താൽപ്പര്യാർത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ് അയ്യർ. അദാനി അധികൃതർക്ക് ഇത് അന്നേ അത്ര രസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവ്യയെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായി. പുതിയ മുഖ്യമന്ത്രി ചാർജ്ജെടുത്ത ഉടനെ ആ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം ഉണ്ടായെന്നും കെ കെ രാഗേഷ് ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം ഓരോന്നായി പറത്തുവരാൻ തുടങ്ങിയിരിക്കുന്നു. വകുപ്പ് ഏറ്റെടുത്തപ്പോൾ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃശ്ചികമല്ല എന്ന് ഇപ്പോൾ വ്യക്തമാകുന്നു. ഒരു പക്ഷേ മുഖ്യമന്ത്രി തന്നെ തുറമുഖ വകുപ്പും ഏറ്റെടുത്ത കേരള ചരിത്രത്തിലെ ആദ്യത്തെ മന്ത്രിസഭ. മാത്രമല്ല സ്വന്തം ഓഫീസിലെ സെക്രട്ടറിയെ തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയും ആക്കി മണിക്കൂറുകൾക്കകം നിയമിക്കുന്നു. വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ്സിനെ രായ്ക്കുരാമാനം സ്ഥലം മാറ്റുന്നു. പകരം വരുന്നതാകട്ടെ തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചൊന്നും കൃത്യമായ ധാരണയില്ലാത്ത പുതിയൊരാൾ!

അദാനി പോർട്ട് അധികൃതർ, ജൂൺ 29ന് വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി കൈമാറി കൊണ്ടുള്ള കരാറിൽ ഒപ്പിടുന്നു. തുടർന്ന് സെബിയുടെ അംഗീകാരത്തിനായി തിരക്കിട്ട നീക്കവും നടക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ താനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലുള്ള നിയമസഭയിലെ മറുപടിയും നാം കാണുന്നു. അതേറ്റ് പിടിച്ച് ചില 'നിഷ്‌കളങ്ക' മാധ്യമങ്ങളും രംഗത്തിറങ്ങുന്നു. അസ്സൽ ക്രിമിനൽ ബുദ്ധി. കൊള്ളാം! പൂക്കി മുഖ്യന്റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നത്. ഭരണം ആർഎസ്എസിന് പണയപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ പൊതു മുതൽ അദാനിക്കും തീറെഴുതാനുള്ള എല്ലാ ഇടപാടുകളും നടന്നുകഴിഞ്ഞു!

വിഴിഞ്ഞം കരാറിലെ വ്യവസ്ഥയിൽ അദാനി അധികൃതർ എന്തെങ്കിലും വിധത്തിലുള്ള വ്യതിയാനം വരുത്താൻ ശ്രമിച്ച ഘട്ടത്തിലെല്ലാം അത് തടയുന്നതിന് സംസ്ഥാന താൽപ്പര്യാർത്ഥം അതീവ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ഡോ. ദിവ്യ എസ് അയ്യർ. അദാനി അധികൃതർക്ക് ഇത് അന്നേ അത്ര രസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവ്യ എസ് അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ പലതവണ നീക്കമുണ്ടായി. ''പോർട്ടിന്റെ കാര്യം നിങ്ങൾ നോക്കിയാൽ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം'' എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിനുമുന്നിൽ അദാനിയുടെ ഉദ്ദേശങ്ങളൊന്നും നടന്നില്ല. പുതിയ മുഖ്യമന്ത്രി ചാർജ്ജെടുത്ത ഉടനെ ആ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം ഉണ്ടായിരിക്കുന്നു!

മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. ചാർട്ടേഡ് ഫ്ളൈറ്റിൽ എന്തിനാണ് മംഗലാപുരം യാത്ര നടത്തിയത്? ആ ഫ്ളൈറ്റിന്റെ വാടകയിനത്തിൽ ലക്ഷക്കണക്കിന് രൂപ ആര് വഹിച്ചു? ഭരണമാറ്റം ഉണ്ടായ ഉടനെ തന്നെ തന്ത്രപ്രധാനമായ ഒരു പ്രോജക്ടിന്റെ മേധാവി ഡോ. ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റി പകരം ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ഒരുദ്യോഗസ്ഥനെ നിയമിക്കാനുള്ള കാരണമെന്താണ്? മുഖ്യമന്ത്രിയുടെ വാക്കാൽ അനുമതിയില്ലാതെ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഓഹരി വിൽപനക്കുള്ള കരാർ ഉണ്ടാക്കാനും തുടർനടപടി സ്വീകരിക്കാനും അദാനി ധൈര്യപ്പെടില്ല എന്നുതന്നെയാണ് കേരള സമൂഹം വിശ്വസിക്കുന്നത്. പലതവണ ചോദ്യങ്ങളുയർന്നെങ്കിലും ഒന്നിനും മുഖ്യമന്ത്രി കൃത്യമായി പ്രതികരിക്കുന്നില്ല.


വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സർക്കാർ 5400 കോടി രൂപ ചെലവഴിച്ചപ്പോൾ അദാനി ചെലവഴിച്ചത് 2400 കോടി രൂപ മാത്രമാണ്. 2400 കോടി രൂപ ചെലവഴിച്ച അദാനിക്ക് അവരുടെ 49% ഓഹരി കൈമാറ്റം ചെയ്യുന്നതിലൂടെ 13,000 കോടിയിലേറെ രൂപയാണ് ലഭിക്കാൻ പോകുന്നത്. ഈ ഇടപാടിൽ എത്ര കോടികളുടെ കൈമാറ്റം നടന്നു എന്നത് ഇതിൽ നിന്നുതന്നെ ഊഹിക്കാൻ കഴിയും.

ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. എംഎസ്സി എന്ന ഷിപ്പിങ് കമ്പനി ഭീമൻ തുറമുഖ ഓഹരി കൈയ്യടക്കുന്നതിലൂടെ വിഴിഞ്ഞം പോർട്ട് എംഎസ്സിയുടെ കൈയിലാകും. മറ്റ് ഷിപ്പിംഗ് കമ്പനികൾക്ക് ഇവിടെ പ്രവേശിക്കാൻ എംഎസ്സി അനുമതി നൽകണമെന്നില്ല. അദാനിയുടെ മുന്ത്രാ പോർട്ടിലും എംഎസ്സിക്ക് ഓഹരിയുണ്ട്. സർക്കാരുമായി പങ്കാളിത്തമില്ലാത്ത മുന്ത്രാ പോർട്ടിലേക്ക് വിഴിഞ്ഞം പോർട്ടിലെ വരുമാനം മാറ്റുന്നതിനും ഇതു വഴിവെക്കും. പോർട്ട് വികസനത്തിനായി ഇടപെടുന്ന പൊതുമേഖലാ കമ്പനികളുടെയും വഴിയടയും! മാത്രമല്ല പോർട്ട് അനുബന്ധവികസനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കാൻ പോവുകയാണ്.

ഓഹരിക്കൈമാറ്റം എംപവേർഡ് കമ്മിറ്റി ഇടപെട്ട് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. ചീഫ് സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കമ്മറ്റിയിൽ ഉള്ളത്. തുറമുഖ സെക്രട്ടറി എഴുതുന്ന ഫയൽ മുഖ്യമന്ത്രിക്കും തുടർന്ന് ധനമന്ത്രിക്കും വീണ്ടും പരിശോധനയ്ക്ക് നിയമമന്ത്രിക്കും എത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി അന്തിമതീരുമാനമെടുക്കുന്നത്. 'കേരള ചരിത്രത്തിലാദ്യമായി ഈ മൂന്ന് വകുപ്പുകളും ഒരാളാണ് കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു 'വിസ്മയം'! ചുരുക്കത്തിൽ വി ഡി സതീശന്റെ മനസ്സിലുള്ള പദ്ധതി എംപവേർഡ് കമ്മിറ്റിയിലൂടെ നടപ്പാക്കാനുള്ള തന്ത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇത്തരമൊരു ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ് എന്നാണ് കരാർ രേഖകൾ. ഈ ഓഹരിവിൽപനക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സതീശൻ തയ്യാറാകുമോ എന്നതും പ്രസക്തമാണ്. കേരളത്തിന്റെ സ്വപ്നപദ്ധതിയെ, ഭാവികേരളത്തിന്റെ പ്രതീക്ഷയെ കോർപ്പറേറ്റുകൾക്ക് അടിയറവെച്ച യുഡിഎഫ് സർക്കാരും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ അതിശക്തമായ ജനരോഷം ഉയരുകതന്നെ ചെയ്യും.
 

Tags