പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

Actor Sreejith Ravi sentenced to one year in jail and fined Rs 50,000 in POCSO case

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചു. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ച കോടതി ശ്രീജിത്ത് രവിക്ക് ജാമ്യം നൽകി.

2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. കറുത്ത കാറിലെത്തിയ ആളാണ് അതിക്രമം നടത്തിയതെന്നായിരുന്നു കുട്ടികളുടെ മൊഴി. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു.

തുടർന്ന് സിസിടിവി ദൃശ്യങ്ങളും കാറിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തൃശൂർ വെസ്റ്റ് പൊലീസ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. കേസിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. സമാനമായ രീതിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ മുൻപ് പാലക്കാട് ഒറ്റപ്പാലത്തും ശ്രീജിത്ത് രവി പിടിയിലായിരുന്നു.

Tags