നടന്‍ ദേവന്‍ ബിജെപി വിട്ടു

devan

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു.

നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. ആ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്റെ പ്രഖ്യാപനം. കത്ത് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

'ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളും ആശയങ്ങളും അടങ്ങുന്ന രാഷ്ട്രീയമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷം കേരള ബിജെപിയില്‍ വര്‍ക്ക് ചെയ്ത ശേഷം അത് എനിക്ക് സാധിച്ചില്ല. എന്റെ ലൈന്‍ വേറെയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ചെറിയ തീരുമാനങ്ങള്‍ എടുത്തു. ഇന്നലെ ആത്മപരിശോധനയില്‍ തീരുമാനിച്ചു. ഈ വേദിയില്‍ തന്നെ പറയാന്‍ തീരുമാനിച്ചത് ഇവിടെ ഇരുന്നുകൊണ്ടാണ്. ഞാന്‍ ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കാന്‍ തീരുമാനിച്ചു. അത് എഴുതിവെച്ചു', എന്നായിരുന്നു ദേവന്റെ പ്രഖ്യാപനം.

അതേസമയം ദേവന്റെ പ്രഖ്യാപനത്തില്‍ അതേ വേദിയില്‍ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ അതൃപ്തി പരസ്യമാക്കി. രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ല. ദേവന്റെ രാജി പ്രഖ്യാപനം അത്ഭുതപ്പെടുത്തി. ബിജെപി ആവശ്യമായ പരിഗണന നല്‍കി. പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ സംസ്ഥാന ഭാരവാഹിയാക്കി. ബിജെപി വിടാനുള്ള കാരണം എന്തെന്ന് അറിയില്ല. ഇപ്പോള്‍ കൂടുതല്‍ മറുപടി പറയുന്നില്ല എന്നായിരുന്നു ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്.

Tags