കൊട്ടാരക്കരയില്‍ രോഗിയോട് കയര്‍ത്ത് സംസാരിച്ച ഡോക്ടര്‍ക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്സിയിലേക്ക് സ്ഥലംമാറ്റി
കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണന്‍ രോഗിയോടും ഒപ്പമെത്തിയവരോടും കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. '
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (DMO) അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണന്‍ രോഗിയോടും ഒപ്പമെത്തിയവരോടും കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'പനിയും ശരീരവേദനയും എമര്‍ജന്‍സിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്' എന്നിങ്ങനെയായിരുന്നു ഡോക്ടറുടെ പ്രതികരണം.
സംഭവം വിവാദമായതോടെ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡി.എം.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍, ഇവര്‍ക്ക് ഭാവിയില്‍ തുടര്‍ച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികള്‍ നല്‍കരുതെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
.jpg)

