കാസർഗോഡ് ഭാര്യക്കും മകനും നേരെ ആസിഡ് ആക്രമണം ; പിതാവ് അറസ്റ്റിൽ


ചിറ്റാരിക്കാൽ : ഭാര്യക്കും മകനും നേരെ ആസിഡ് ബാൾ ആക്രമണം നടത്തിയ പിതാവ് അറസ്റ്റിൽ. പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ചിറ്റാരിക്കാൽ കമ്പല്ലൂരിലെ പി.വി. സിദ്ധുനാഥ് (20) കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കമ്പല്ലൂരിലെ പി.വി. സുരേന്ദ്രനാഥാണ് (49) അറസ്റ്റിലായത്. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ പ്രേംലാലാണ് ശനിയാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥ് വീട്ടിൽവെച്ച് ഭാര്യക്കുനേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഐസ്ക്രീം എന്ന വ്യാജേന ബാൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീംബാൾ ആസിഡ് സിദ്ധുനാഥിന്റെ മേൽ വീണത്.
പുറത്താണ് ആസിഡ് ബാൾ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻതന്നെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുമ്പ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപിച്ചിരുന്നു.
ഇതുസംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ നിലനിൽക്കുന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസിഡ് ആക്രമണം. സയന്റിഫിക് വിഭാഗം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
