പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കോടതിയില്‍ വാദിച്ചത്, സര്‍ക്കാര്‍ അഭിഭാഷകയെന്ന നിലയില്‍ താന്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല ; പ്രതികരണവുമായി ഗീനാകുമാരി

geena

നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നതിന്റെ പേരില്‍ പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ മാറ്റിയതില്‍ പ്രതികരിച്ച് ഗീനാകുമാരി. സര്‍ക്കാര്‍ അഭിഭാഷകയെന്ന നിലയില്‍ താന്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഗീനാകുമാരി രംഗത്തെത്തിയത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കോടതിയില്‍ വാദിച്ചതെന്നും നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഒമ്പതര വര്‍ഷത്തെ സേവനത്തിനിടയില്‍ ഇതിനേക്കാള്‍ സംഘര്‍ഷഭരിതമായ കേസുകളും മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെയുള്ള കേസുകളും പക്ഷപാതിത്വമില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗീനാകുമാരി, പ്ലീഡര്‍ സ്ഥാനം ഒഴിയുന്നത് അനിവാര്യമായ നടപടിയാണെന്നും മാധ്യമങ്ങള്‍ പറയുന്നതുപോലെ ഇത് പ്രതികാര നടപടിയല്ലെന്നും ഉത്തരവില്‍ അങ്ങനെയൊന്നും പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു

ഗീനാകുമാരിയുടെ കുറിപ്പ്
പ്രിയപ്പെട്ടവരെ..

2016 ഡിസംബര്‍ മാസം ഇരുപത്തിനാലാം തീയതി മുതല്‍ സര്‍ക്കാര്‍ അഭിഭാഷക എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതരവര്‍ഷ കാലയളവില്‍ ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും കേസുകള്‍ കൈകാര്യം ചെയ്യാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഇന്ന് വിടവാങ്ങുകയാണ്. തീര്‍ച്ചയായും അനിവാര്യമായ വിടവാങ്ങല്‍ ആണെങ്കിലും ചില മാധ്യമങ്ങള്‍ പ്രതികാര നടപടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട് (ഉത്തരവില്‍ അങ്ങനെയൊന്നുമില്ല എങ്കിലും). ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി മുമ്പാകെ ഹാജരാക്കുകയും അതിനനുസരിച്ച് തന്നെ ജാമ്യ ഹര്‍ജിവാദം പറയുകയും ചെയ്തിട്ടുണ്ട്. ഇതിനേക്കാള്‍ ഗൗരവമുള്ളതും അല്ലാത്തതും രാഷ്ട്രീയ സംഘട്ടനങ്ങള്‍ കൊലപാതകം ബലാത്സംഗം ഉള്‍പ്പെടെ നൂറുകണക്കിന് കേസുകളില്‍ ജാമ്യ ഹര്‍ജിയില്‍ വാദം പറയുകയും വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അതില്‍ എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ എന്ന പക്ഷപാതിത്വം കാണിച്ചിട്ടില്ല.നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തില്‍ ഒരു ഇടപെടലും ഇക്കാലയളവില്‍ ഒരു കേസിലും ഞാന്‍ നടത്തിയിട്ടില്ല. ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച കര്‍ത്തവ്യം പരമാവധി ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്. ഇക്കാലയളവില്‍ എന്നോടൊപ്പം എന്റെ സഹഅഭിഭാഷകര്‍ സീനിയര്‍, ജൂനിയര്‍ അഭിഭാഷകര്‍, ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസിലെ ജീവനക്കാര്‍, പ്രോസിക്യൂഷന്‍ വിങ്ങി ലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പേരെടുത്ത് പറയാന്‍ ഒരുപാട് പേരുണ്ട്. അവരുടെ സഹായത്തോടുകൂടി അല്ലാതെ എനിക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല എല്ലാവര്‍ക്കും നന്ദി. അഭിഭാഷകവൃത്തിയില്‍ തെളിമയോടെ ഇനിയും ഉണ്ടാകും.

Tags