കോഴിക്കോട് സ്കൂട്ടർ ഓടിച്ച 16കാരൻ അപകടത്തിൽ മരിച്ചു ; അച്ഛനെതിരെ കേസ്
കോഴിക്കോട്: സ്കൂട്ടർ ഓടിച്ച 16കാരൻ അപകടത്തിൽ ദാരുണമായി മരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. കൊയിലാണ്ടി ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജൽ പ്രവീൺ (16) ആണ് അപകടത്തിൽ മരിച്ചത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തതിനാണ് പിതാവ് പ്രവീണിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രി ഒമ്പതരയോടെയായയിരുന്നു അപകടം. ഡ്രൈവിങ് ലൈസൻസില്ലാത്ത അജൽ ഓടിച്ച സ്കൂട്ടർ മതിലിലിടിക്കുകയായിരുന്നു. സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം ജിമ്മിൽ പോയി മടങ്ങുന്നതിനിടെയാണ് സംഭവം. നരക്കോട് ഇരിങ്ങത്തുവെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അജലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്നതിനെതിരെ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും രക്ഷിതാക്കൾ വീഴ്ചകൾ വരുത്തുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ രക്ഷിതാക്കളുടെയും മുതിർന്നവരുടെയും ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രത വേണമെന്നും കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
.jpg)


