കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യം ; യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍

sneha

പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും വളരെ വേഗം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാനെത്തിയ കോടതി ഉദ്യോഗസ്ഥരെയും കോടതി കമ്മീഷനെയും ബാങ്ക് ജീവനക്കാരെയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലാണ് നടപടി. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടില്‍ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായര്‍ എസിനെ (40) ആണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.


ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനായി വ്യാഴാഴ്ച കോടതി കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും വാഴമുട്ടത്തെത്തിയിരുന്നു. വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതി ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പരാതിക്കാരിയായ നീതു രാജുവിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണമുണ്ടായതായാണ് പരാതി.

സംഭവത്തില്‍ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും വളരെ വേഗം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 6:15നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags