വയനാട്ടിൽ 100 വീടുകളുടെ നിർമ്മാണം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കും, ഡിവൈഎഫ്‌ഐ പിരിച്ച പണത്തിൽ അവ്യക്തതയുണ്ട്, രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി തിന്നവരാണ് :അബിൻ വർക്കി
ആറന്മുള: വയനാട്ടിൽ നൂറ് വീടുകളുടെ നിർമ്മാണം പറഞ്ഞ സമയത്തിനുള്ളിൽ കോൺഗ്രസ് പൂർത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. 'ഞങ്ങൾ സ്വന്തം കയ്യിൽ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഞങ്ങൾ പറഞ്ഞു. അത് ചെയ്യും. പിരിച്ച പണം സംബന്ധിച്ച് വ്യക്തതയുള്ള കണക്ക് ആണ് കോൺഗ്രസ് അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ പിരിച്ച പണത്തിൽ അവ്യക്തതയുണ്ട്. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി തിന്നവരാണ് തങ്ങളെ വിമർശിക്കുന്നതെന്നും അബിൻ വർക്കി റിപ്പോർട്ടറിനോട് പറഞ്ഞു.
പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം', അബിൻ വർക്കി പറഞ്ഞു. വയനാട് ദുരന്തബാധിതർക്കായി പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ടയിൽ കുടിൽകെട്ടി സമരവും ഭിക്ഷാടനവും നടത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പറഞ്ഞ 30 വീടെവിടെ എന്ന ചോദ്യം പ്രതിഷേധക്കാർ ഉയർത്തി. ഇതിനോടായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. ആറന്മുളയിൽ വലിയ ശുഭപ്രതീക്ഷയോടെയാണ് നീങ്ങുന്നതെന്നും അബിൻ വർക്കി പറഞ്ഞു.
വയനാടിനായി പിരിച്ച ഫണ്ട് കൊടുക്കാൻ കഴിയാത്ത കോൺഗ്രസ് പിന്നെയെങ്ങനെ മറ്റുകാര്യങ്ങൾ ചെയ്യുമെന്ന് ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് ചോദിച്ചു. സാധാരണക്കാർ അധ്വാനിച്ച് നൽകിയ ഫണ്ടാണ് കോൺഗ്രസിന് നൽകിയത്. ഫണ്ട് എവിടെപ്പോയി എന്നതിന് കോൺഗ്രസ് ഉത്തരം നൽകണം. സർക്കാർ മികച്ച പ്ലാനിങ്ങോടെയാണ് വയനാടിൽ ടൗൺഷിപ്പ് നിർമ്മിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.
.jpg)


