അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

abhi

അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കൊച്ചി:  അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസ് വിചാരണ തുറന്ന കോടതിയില്‍ തന്നെ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് രഹസ്യ വിചാരണ നടത്തേണ്ടതെന്നും അത്തരമൊരു സാഹചര്യം ചൂണ്ടിക്കാട്ടാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാക്ഷികളും പ്രതികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും വ്യക്തമാക്കി. മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളാണ് കേസിലെ സാക്ഷികളെന്ന പ്രതികളുടെ വാദവും പ്രോസിക്യൂഷന്‍ തള്ളി.

കോടതി പരിസരത്ത് അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നതിന് നിലവില്‍ തന്നെ വിലക്കുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികള്‍ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. കേസ് 70 തവണ പോസ്റ്റ് ചെയ്തിട്ടും പ്രതികള്‍ മൂന്ന് തവണ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അധിക കുറ്റം വായിച്ച ദിവസം പ്രതികള്‍ മുഖംമൂടി ധരിച്ചാണ് കോടതിയിലെത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

 

Tags