അഭിമന്യു വധക്കേസ് : പ്രതികൾ ഇന്നും ഹാജരായില്ല ; കോടതിയിൽ മാധ്യമപ്രവർത്തകരുള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടെന്ന് പ്രതികൾ
കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾ ഇന്നും ഹാജരായില്ല. കോടതിയിൽ മാധ്യമപ്രവർത്തകരുള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ച് പ്രതികൾ. അഭിഭാഷകൻ വഴി വിചാരണയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി പറയുമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ഇതിനെ എതിർത്തു. പ്രതികളുടെ ആവശ്യം നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
വിചാരണ സമയത്ത് എന്ത് ചെയ്യുമെന്നായിരുന്നു പ്രതികളോടുള്ള കോടതിയുടെ മറുചോദ്യം. ഇതിന് ശേഷം പ്രതികൾ നേരിട്ട് തന്നെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. അഭിഭാഷകൻ വഴി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികൾ വ്യാഴാഴ്ച ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമുള്ളവർക്ക് ഹാജരാകാൻ എന്താണ് തടസമെന്നും കോടതി ചോദിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മുഴുവൻ പ്രതികളും ഹാജരാകണമെന്ന് ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ച വേളയിൽ കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നും പ്രതികൾ ഹാജരാകാതെ വന്നതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്. എട്ട് വർഷത്തിനിടെ പ്രതികൾ കോടതിയിൽ ഹാജരായത് രണ്ട് തവണ മാത്രമാണ്.
2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു. ഇതിലെ മുഖ്യ പ്രതിയായ സഹലിനെ പിടികൂടാത്തതിൽ ആദ്യം വലിയ വിവാദമുയർന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകൾ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വർഷം കേസിന്റെ വിചാരണ നീണ്ടുപോയതിലടക്കം വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.
.jpg)

