അബ്ദുല്‍ ജബ്ബാറിനെ രാത്രി തന്നെ റഫര്‍ ചെയ്തു, സ്വന്തം റിസ്‌കില്‍ വീട്ടിലേക്ക് പോയി'; ചികിത്സാ പിഴവ് പരാതിയില്‍ ആശുപത്രി റിപ്പോര്‍ട്ട്

abdhul

രണ്ടാമത് എത്തിയപ്പോള്‍ കോട്ടയത്തേക്ക് റഫര്‍ ചെയ്തിരുന്നു.

വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ അബ്ദുല്‍ ജബ്ബാറിനെ രാത്രി തന്നെ റഫര്‍ ചെയ്തിരുന്നുവെന്ന് ആശുപത്രി റിപ്പോര്‍ട്ട്. ജൂലൈ 26ന് രാത്രി 11:45നും വെളുപ്പിന് 3:30നും അബ്ദുല്‍ ജബ്ബാര്‍ ആശുപത്രിയിലെത്തി. രണ്ടാമത് എത്തിയപ്പോള്‍ കോട്ടയത്തേക്ക് റഫര്‍ ചെയ്തിരുന്നു. അവിടേക്ക് പോകാനാകില്ലെന്നായിരുന്നു മറുപടി. സ്വന്തം റിസ്‌കില്‍ വീട്ടിലേക്ക് പോകുന്നതായി എഴുതി നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് എറണാകുളം ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ട് ഡിഎംഒ, ഡിഎച്ച്എസിന് കൈമാറി.


ചികിത്സ വൈകിയതിനാല്‍ പറവൂര്‍ കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു എന്നായിരുന്നു പരാതി. ജൂലൈ 26ന് രാത്രി 11 മണിയോടെ ആണ് കടുത്ത കാല്‍ വേദനയെ തുടര്‍ന്ന് 56കാരനായ അബ്ദുല്‍ ജബ്ബാര്‍ വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. വേദന സംഹാരി നല്‍കി ജൂനിയര്‍ ഡോക്ടര്‍മാര്‍ അബ്ദുല്‍ ജബ്ബാറിനെ തിരിച്ചയച്ചു. വേദന കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും വീണ്ടും വേദന സംഹാരി നല്‍കി വിട്ടയച്ചു. പിറ്റേദിവസം സര്‍ജനെ കണ്ടപ്പോള്‍ കാലിലേക്കുള്ള രക്തയോട്ടം നിലച്ചുവെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്ന് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. കാലിലേക്കുള്ള രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ചികിത്സ ഫലിച്ചില്ല. തുടര്‍ന്ന് വലത് കാല്‍ മുറിച്ചു മാറ്റുകയായിരുന്നു.

Tags