തുടർച്ചയായ അതിശക്തമായ മഴ ; ആറന്മുളയിൽ പ്രളയ സാഹചര്യം തുടരുന്നു

aramula

 ആറന്മുള: തുടർച്ചയായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആറന്മുളയിലും പരിസര പ്രദേശങ്ങളിലും പ്രളയഭീതി ഒഴിഞ്ഞുപോകുന്നില്ല. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള നിരവധിയായ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കൊല്ലത്തുനിന്ന് കൂടുതൽ മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങൾ എത്തിച്ചാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

റാന്നിയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ ആറന്മുള മേഖലയിലേക്കാണ് എത്തുന്നത്. റാന്നിയിൽ വെള്ളം കുറയുന്തോറും ആറന്മുളയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സ്ഥിതിയാണുള്ളത്. വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൈയിൽ കിട്ടിയ അവശ്യവസ്തുക്കളും വളർത്തുമൃഗങ്ങളുമായി പ്രദേശവാസികൾ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ഇതിനിടെ മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. ഇത് ആറന്മുളയിലെ പ്രളയ തീവ്രത കൂട്ടാൻ സാധ്യതയുണ്ട്.

Tags