പൊലീസ് സ്റ്റേഷനിൽ നിന്ന് ബലമായി പ്രതികളെ മോചിപ്പിച്ച സംഭവം : ജില്ല കമ്മിറ്റിയംഗം ഉൾപ്പെടെ എട്ട് സി.പി.എമ്മുകാർ കീഴടങ്ങി

ആലത്തൂർ: പൊലീസ് സ്റ്റേഷനിൽനിന്ന് ബലമായി പ്രതികളെ മോചിപ്പിച്ച കേസിലെ പ്രതികളായ അഞ്ചുപേരും പഴമ്പാലക്കോട് ബി.ജെ.പി പ്രവർത്തകന്റെ വീട്ടുകാരെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് പേരും ഉൾപ്പെടെ എട്ട് സി.പി.എമ്മുകാർ ആലത്തൂർ പൊലീസിൽ ശനിയാഴ്ച കീഴടങ്ങി.
സി.പി.എം ജില്ല കമ്മിറ്റി അംഗം ഇരട്ടകുളം ചെറുകുളം വി. പൊന്നുകുട്ടൻ (54), എസ്.എഫ്.ഐ ജില്ല കമ്മിറ്റിയംഗം കാവശ്ശേരി വടക്കേതറ അജ്മൽ (26), ഡി.വൈ.എഫ്.ഐ നേതാക്കളായ ആലത്തൂർ പറക്കുന്നം റനി രാജ് (31), പെരുങ്കുളം കൊഴുക്കുള്ളിയിൽ അക്ഷയ് കുമാർ (28), ആലത്തൂർ നെല്ലിയാംകുന്നം സന്തോഷ് (36) എന്നിവർ പ്രതികളെ സ്റ്റേഷനിൽനിന്ന് മോചിപ്പിച്ച കേസിലും
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പഴമ്പാലക്കോട് വടക്കേ പാവടിയിൽ രാധാകൃഷ്ണൻ (45), തരൂർ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ തോണിപ്പാടം കുണ്ടുകാട്ടിൽ ദേവദാസ് (30), സി.പി.എം കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറി വാവുളളിയാപുരം സുബൈർ (40) എന്നിവർ പഴമ്പാലക്കോട് വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിലേയും പ്രതികളാണ്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കേസിൽ ഏഴുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികളെ മോചിപ്പിച്ച കേസിൽ 100ഉം വീട് ആക്രമിച്ച കേസിൽ 25ഉം പേർക്കെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.