മലപ്പുറം വെന്നിയൂരില്‍ ഓടുന്ന ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സ്വയം കഴുത്തറുത്ത യുവാവ് ഗുരുതരാവസ്ഥയില്‍

മലപ്പുറം വെന്നിയൂരില്‍ ഓടുന്ന ബസില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗൂഡല്ലൂര്‍ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനില്‍ കുത്തിയത്. യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നടുക്കുന്ന സംഭവം.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ അങ്കമാലിയില്‍ നിന്നും കയറിയ ഗൂഡല്ലൂര്‍ സ്വദേശി സീതക്കാണ് കുത്തേറ്റത്. എടപ്പാളില്‍ നിന്നും ബസില്‍ കയറിയ വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു യുവതിയെ ആക്രമിച്ചത്. അതിന് ശേഷം സനില്‍ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിനു മുറിവേല്‍പ്പിച്ചു. ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും ഉടന്‍ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. നെഞ്ചില്‍ കുത്തേറ്റ യുവതിയുടെ നില സാരമല്ലെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വര്‍ഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാള്‍ വെച്ച് ബസില്‍ കയറിയത്.