നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Nileswaram fireworks accident: Thirty people were admitted to Amster Mims Hospital
Nileswaram fireworks accident: Thirty people were admitted to Amster Mims Hospital

കാസർകോട്: നീലേശ്വരത്ത് ക്ഷേത്ര വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് (38) മരിച്ചത്. ​അതീവ ​ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ അപകടമുണ്ടായത്. പുലര്‍ച്ചെ 12.15-ഓടെയായിരുന്നു അപകടം. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്, ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100-ൽ അധികം പേർക്കാണ് പരിക്കേറ്റത്.

Nileswaram fireworks accident: Thirty people were admitted to Amster Mims Hospital

അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി കെ.ടി. ഭരതന്‍, പടക്കംപൊട്ടിച്ച പി. രാജേഷ് എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. നൂറിൽ പരം ആളുകൾക്ക് പരിക്കേറ്റതുൾപ്പെടെ കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായും എഫ്‌ഐആറിൽ പറയുന്നുണ്ട്. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.