കാസർകോട്ട് വന്ദേഭാരത് തട്ടി പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കാസർകോട്: മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് പള്ളം റെയിൽവേ ട്രാക്കിൽ വെള്ളി പുലർച്ചെയാണ് അപകടമുണ്ടായത്. പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ തെച്ചിക്കാട്ടിൽ ടി. ജിതിൻ (24) ആണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ അപകടം സംഭവിച്ച വിവരം ട്രെയിനിന്റെ ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച പേഴ്സിലെ തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചത് പാലക്കാട് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണവിവരം പാലക്കാട്ടെ ബന്ധുക്കളെ അറിയിച്ചതായും തുടർനടപടികൾക്കായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
.jpg)

