കണ്ണൂർ തിരുനെറ്റിക്കല്ലിൽ കിണറ്റിൽ വീണ് കാട്ടാനക്കുട്ടി ചത്തു; മരണകാരണം തലയ്ക്കേറ്റ പരിക്കെന്ന് പ്രാഥമിക നിഗമനം
ജഡം പുറത്തെടുത്തത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ
കണ്ണൂർ/ ചെറുപുഴ: തളിപ്പറമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിയിൽപ്പെട്ട ചെറുപുഴ തിരുനെറ്റിക്കല്ലിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് ആനക്കുട്ടി ചത്തു. കിണറിലെ വെള്ളത്തിൽ ചോര കലർന്നത് കണ്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായവും ഒരു ക്വിന്റൽ ഭാരവുമുള്ള ആനക്കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
tRootC1469263">വീട്ടുകാർ നിത്യോപയോഗത്തിനായി ഉപയോഗിച്ചിരുന്ന കിണറാണിത്. പൈപ്പ് വഴി താഴേക്ക് വെള്ളം എത്തിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. വെള്ളത്തിൽ രക്തത്തിന്റെ അംശം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ കിണറിനുള്ളിലേക്ക് നോക്കിയതും ആനക്കുട്ടിയെ കണ്ടെത്തിയതും.
കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വൈശാഖ് എസ്. (IFS)-ന്റെ നിർദ്ദേശാനുസരണം, തളിപ്പറമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പി.വി.യുടെ മേൽനോട്ടത്തിലാണ് തുടർനടപടികൾ നടന്നത്. കണ്ണൂർ ആർ.ആർ.ടി. (RRT) ടീം, പെരിങ്ങോം ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തി ജെ.സി.ബി. ഉപയോഗിച്ച് ആനക്കുട്ടിയുടെ ജഡം പുറത്തെടുത്തു.
ചെറുപുഴ വെറ്ററിനറി സർജൻ ജിബിൻ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, വിദഗ്ധ സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. കിണറ്റിലേക്ക് വീണപ്പോൾ തലയ്ക്കേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നടപടിക്രമങ്ങൾക്ക് ശേഷം ജഡം ഔദ്യോഗികമായി മറവു ചെയ്തു.

.jpg)


