ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ ഓരോ ജില്ലയിലും പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കണം; ഹൈക്കോടതി

highcourt

അപകടങ്ങൾ ഉണ്ടാക്കി വാഹനങ്ങൾ കടന്ന് കളഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.

കൊച്ചി: അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് തുക ഉൾപ്പെടെയുള്ള നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ ഇടിച്ചിട്ട് നിർത്താതെ കടന്ന് പോകുന്ന വാഹനങ്ങളെയും പ്രതികളെയും കണ്ടെത്താൻ ഓരോ ജില്ലയിലും പൊലീസിന്റെ പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഹിറ്റ് ആൻഡ് റൺ കേസുകളിൽ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

നിലവിലെ ഹിറ്റ് ആൻഡ് റൺ മോട്ടർ ആക്സിഡന്റ് സ്കീം 2021 പ്രകാരമുള്ള നഷ്ടപരിഹാര തുക വളരെ കുറവാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ക്വാഡിന്റെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കണമെന്നും ജസ്റ്റിസ് ജി ഗിരീഷ് നിർദേശിച്ചു. അപകടങ്ങൾ ഉണ്ടാക്കി വാഹനങ്ങൾ കടന്ന് കളഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.

ജില്ലാ തലത്തിൽ രൂപീകരിക്കുന്ന സ്ക്വാഡുകൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണം. ഇത്തരം സംഭവങ്ങൾ സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകണമെന്നും കോടതി പറഞ്ഞു. സൈബർ പൊലീസിന്റെ സഹായവും ഉറപ്പാക്കണം. പൊതുജനങ്ങൾക്ക് അപകട വിവരങ്ങൾ അറിയിക്കാൻ പ്രത്യേക സ്ക്വാഡുകളുടെ ഫോൺ നമ്പറുകൾ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്

Tags