ഏഴ് എംഎൽഎമാരുള്ള പാർട്ടിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ല'; പി.ജെ. ജോസഫിന്റെ ക്യാബിനറ്റ് പദവി വാർത്ത തള്ളി അപു ജോൺ ജോസഫ്
തൃശൂർ: ഏഴ് എംഎൽഎമാരുള്ള ഒരു പാർട്ടിക്ക് ലഭിക്കേണ്ട പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് പ്രവർത്തകരുടെ വികാരമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്. കേരള കോൺഗ്രസിന് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി ലഭിച്ചു എന്നത് മാധ്യമവാർത്തകൾ മാത്രമാണെന്നും, മുന്നണിയിൽ അക്കാര്യം സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ്. ജനാധിപത്യമുള്ളതുകൊണ്ടാണ് അത്തരം അഭിപ്രായങ്ങൾ ഉണ്ടാകുന്നത്; ഏകാധിപത്യമാണെങ്കിൽ അതുണ്ടാകില്ലെന്നും അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചർച്ച ചെയ്ത് യുഡിഎഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ഉണ്ണിയാടൻ പാർട്ടിയുടെ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച, പാർട്ടി വിപ്പ് അനുസരിച്ച് സഭയിൽ പ്രവർത്തിക്കുന്ന എംഎൽഎയാണെന്നും ചീഫ് വിപ്പ് പറഞ്ഞു. പാർട്ടിയിൽ മറ്റൊരു പ്രശ്നവുമില്ല. 25 വർഷം നിയമസഭാ സാമാജികനായി പൂർത്തീകരിച്ച അദ്ദേഹത്തിന് സുഹൃത്തുക്കൾ സ്വീകരണം നൽകുന്നതിൽ പാർട്ടിക്ക് യാതൊരു ഭിന്നാഭിപ്രായവുമില്ലെന്നും അപു ജോൺ ജോസഫ് തൃശൂരിൽ പറഞ്ഞു.
.jpg)

