ശബരിമല പമ്പയിൽ എത്തിയ തീര്‍ഥാടക സംഘം ഒമ്പതു വയസുകാരിയെ ബസില്‍ മറന്നു

google news
A nine year old girl was forgotten in the bus by a group of pilgrims who arrived at Sabarimala Pampa

 ശബരിമല : തമിഴ്നാട്ടിൽ നിന്നും ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ തീര്‍ഥാടക സംഘം ഒമ്പതു വയസുകാരിയെ ബസില്‍ മറന്നു.  പോലീസിന്റെ വയര്‍ലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍ നിന്ന് കണ്ടെത്തി. 

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ബസില്‍ ദര്‍ശനത്തിന് വന്ന തമിഴ്‌നാട് സ്വദേശികളുടെ കൂടെ പിതാവിനും മുത്തശ്ശിക്കും ഒപ്പം എത്തിയ ഭവ്യ എന്ന നാലാം ക്ലാസുകാരിയെ ആണ് ഇറങ്ങുമ്പോള്‍ സംഘം കൂടെ കൂട്ടാന്‍ മറന്നത്. 

തീർത്ഥാടക സംഘത്തെ പമ്പയിലിറക്കി ബസ് നിലക്കലിലേക്ക് പുറപ്പെട്ട ശേഷമാണ് കുട്ടി കൂടെയില്ലെന്ന് വിവരം സംഘം മനസ്സിലാക്കിയത്. ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് അടങ്ങുന്ന സംഘം പമ്പയിലെ പോലീസ്  കണ്‍ട്രോള്‍ റൂമില്‍ എത്തി പരാതി അറിയിച്ചു. വിവരം അപ്പോൾ തന്നെ പോലീസിന്റെ വയര്‍ലെസ് സെറ്റിലൂടെ കൈമാറി.  ഈ സമയം ആറ്റിങ്ങല്‍ എ.എം.വി.ഐ ആയ ആര്‍. രാജേഷും കുന്നത്തൂര്‍ എ.എം.വി.ഐ ആയ ജി.  അനില്‍കുമാറും നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ പട്രോളിങ്ങിൽ ഉണ്ടായിരുന്നു. 

വയര്‍ലെസ് സന്ദേശത്തില്‍ ബസിന്റെ നമ്പരും സൂചിപ്പിച്ചിരുന്നു. അട്ടത്തോടിന് സമീപം വച്ച് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഈ നമ്പരിലുള്ള ബസ് കണ്ടെത്തി. ഡ്രൈവറോടും കണ്ടക്ടറോടും കൂട്ടി അതിലുണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതു കണക്കിലെടുക്കാതെ ഇരുവരും വാഹനത്തില്‍ കയറി വിശദമായി പരിശോധിച്ചു. 

തുടർന്ന് വണ്ടിയുടെ ഏറ്റവും പിന്നിലായുള്ള സീറ്റിന്റെ തൊട്ടു മുമ്പിലുള്ള മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ സുഖനിദ്രയിൽ ആയിരുന്ന കുട്ടിയെ കണ്ടെത്തി. കുട്ടിയെ കണ്ടു കിട്ടിയ വിവരം പോലീസിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും വയര്‍ലസ് സെറ്റിന് റേഞ്ച് ഇല്ലാത്തതിനാല്‍ കഴിഞ്ഞില്ല. തുടർന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ തന്നെ  കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുകയായിരുന്നു. കൺട്രോൾ റൂമിൽ എത്തി കുട്ടിയെ കൂടെ കൂട്ടിയ സംഘം സന്നിധാനത്തേക്ക് യാത്ര തുടർന്നു.