വാളയാറിൽ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

A mother elephant and her calf were killed after being hit by a train while crossing the railway tracks in Walayar.

പാലക്കാട്: വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. മംഗളൂരു - ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ (12686) ഇടിച്ചാണ് അപകടമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നു മടങ്ങിയ ആനക്കൂട്ടത്തിലെ അമ്മയാനയും കുട്ടിയാനയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം എൻജിനു താഴെ കുടുങ്ങിയ ആനകളുടെ ജഡങ്ങൾ 50 മീറ്ററോളം ട്രാക്കിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ നിലയിലായിരുന്നു. അപകടത്തെത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. സംഭവം നടന്ന വാളയാർ സെക്‌ഷനിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡി.ആർ.എം മധുകർ റൗത്ത്, വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്. പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ പാളംതെറ്റാതെ വൻ ദുരന്തം ഒഴിവായി. നിലവിൽ ഈ മേഖലയിൽ ആനകൾ ഇറങ്ങുന്നത് തടയാൻ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. മാസങ്ങൾക്കു മുൻപും വാളയാർ മാൻ പാർക്കിനു പിൻവശത്തു വെച്ച് ട്രെയിൻ തട്ടി ആന ചരിഞ്ഞിരുന്നു.

Tags