ദുരന്തബാധിതരുടെ പാര്‍പ്പിട പദ്ധതിക്കായി കല്ലിട്ട് ഒരു മാസം പിന്നിടുമ്പോഴും പണി തുടങ്ങിയില്ല ; വി ഡി സതീശന്റെ അവകാശ വാദം പൊളിയുന്നു

 VD Satheesan

ആദ്യഘട്ടത്തില്‍ 50 വീടുകള്‍ നിര്‍മിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പാര്‍പ്പിട പദ്ധതിക്കായി കല്ലിട്ട് ഒരു മാസം പിന്നിടുമ്പോഴും കോണ്‍ഗ്രസ് പണി തുടങ്ങിയില്ല. കുന്നമ്പറ്റയിലെ ഭൂമിയില്‍ പണി തുടങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എന്നാല്‍ പണി തുടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, പാര്‍പ്പിട നിര്‍മ്മാണത്തിന് വേണ്ട അനുമതിക്കായി ആരും അധികൃതരെ സമീപിച്ചിട്ടില്ലെന്നുമാണ് സൂചന.
ഫെബ്രുവരി 26നാണ് ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് തറക്കല്ലിട്ടത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നായിരുന്നു തറക്കല്ലിടല്‍. ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു കോണ്‍ഗ്രസ് അവകാശവാദം. ആദ്യഘട്ടത്തില്‍ 50 വീടുകള്‍ നിര്‍മിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.

എന്നാല്‍ തറക്കല്ലിട്ട കുന്നമ്പറ്റയിലെ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഒരു സൂചന പോലുമില്ല. മേപ്പാടി പഞ്ചായത്ത് അധികൃതരോട് ഇതുവരെയ്ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആരും അനുമതി തേടിയിട്ടില്ല. വാങ്ങിയ സമയത്ത് സസ്യങ്ങളും മറ്റുമെല്ലാം മാറ്റി ഭൂമി നിരപ്പാക്കിയിരുന്നു. എന്നാല്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും അവിടെ നടത്തിയിട്ടില്ല. 

എട്ട് സെന്റ് ഭൂമിയില്‍ 1041 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതില്‍ മൂന്ന് കിടപ്പുമുറികള്‍, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ഉറപ്പാക്കുന്ന അകത്തളങ്ങളും ഉണ്ടാകും. ഭാവിയില്‍ ഒരുനില കൂടി നിര്‍മിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി താമസക്കാര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാന്‍ പുറത്തുനിന്നുതന്നെ പ്രവേശിക്കാവുന്ന കോണിപ്പടികള്‍ ഈ വീടുകളുടെ സവിശേഷതയാണ്.

Tags