ഓട്ടത്തിന്റെ സമയം വർധിപ്പിക്കണം, പണികൊടുക്കുന്നവരെ മാറ്റാൻ പറയണം; ആത്മഹത്യ ചെയ്ത ഹവിൽദാർ വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സന്ദേശം പുറത്ത്

A message is out stating that Havildar Vineeth who committed suicide was facing severe mental stress
A message is out stating that Havildar Vineeth who committed suicide was facing severe mental stress

മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ആത്മഹത്യ ചെയ്ത കമാൻഡോ ഹവിൽദാർ വിനീത് സുഹൃത്തിനയച്ച സന്ദേശം പുറത്ത്. വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സന്ദേശം. തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെയും ഇത് കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിനീത് സുഹൃത്തിന് സന്ദേശം അയച്ചത്. 

ഓട്ടത്തിന്റെ സമയം വർധിപ്പിക്കണമെന്നും ചിലർ ചതിച്ചുവെന്നും, പണി കൊടുക്കുന്നവരെ മാറ്റാൻ പറയണമെന്നും വിനീത് ഈ കുറിപ്പിൽ പറയുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തിൽ പരാജയപ്പെട്ടപ്പോൾ, മേലുദ്യോഗസ്ഥർ കടുത്ത ശിക്ഷ നൽകിയിരുന്നു. ഇതും, ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധി നൽകാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 

വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. അതേസമയം വിനീതിന്റെ മരണത്തിൽ ടി സിദ്ദിഖ് എംഎൽഎയും പ്രതികരണവുമായി രംഗത്തെത്തി. കൊടും പീഡനത്തിന്റെ ഇരയാണ് വിനീത് എന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.