കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍തീപിടിത്തം; പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

google news
godown

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കൊല്ലം ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. 

മരുന്നുകളും ഇരു ചക്രവാഹനങ്ങളും അഗ്‌നിക്കിരയായി. പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു ഉളിയകോവിലിലുള്ള ജില്ലാ മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ചത്. ഗോഡൗണിലെ സെക്യൂരിറ്റിയാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഇയാള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും, ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. 

ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ഫയര്‍ഫോഴ്‌സ് സംഘങ്ങളുടെയും സഹായത്തോടെ രാത്രി ഏറെ വൈകിയാണ് തീ അണച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, ബ്ലിച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്തു നിന്നാണ് പൊട്ടിത്തെറി ശബ്ദത്തോടെ തീ ഉയര്‍ന്നതെന്നാണ് സൂചന. ഗോഡൗണിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ അടക്കം അഗ്‌നിക്കിരയായി. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കുമുള്ള ജീവന്‍ രക്ഷാമരുന്നുകളടക്കം കത്തിനശിച്ചു. കോടികളുടെ നാശനഷ്ടമെന്നാണ് പ്രാഥമിക നിഗമനം.
 

Tags