തൃശ്ശൂരിൽ ജനവാസമേഖലയിലിറങ്ങിയ പുലി പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു; ഭീതിയിൽ ജനം

A leopard that entered a residential area in Thrissur attacked and killed a calf; people in fear

തൃശൂർ: തൃശ്ശൂരിൽ ജനവാസമേഖലയിലിറങ്ങിയ പുലി പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു. തൃശൂർ കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ റബർ തോട്ടത്തിലാണ് സംഭവം. പ്രദേശവാസിയായ വട്ടോളി ഹസന്റെ പശുക്കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. ഇന്നലെ പുലർച്ചെയാണ് റബർ തോട്ടത്തിനുള്ളിൽ പശുക്കുട്ടിയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്.

സ്കൂളിന്റെ പ്രധാന ഗേറ്റിനോട് ചേർന്നുള്ള റബർ തോട്ടത്തിലെ വഴിയിലൂടെയാണ് പ്രതിദിനം നിരവധി വിദ്യാർഥികൾ കാൽനടയായി സ്കൂളിലേക്ക് വരുന്നത്. ഈ പാതയിലാണ് പുലിയുടെ സാന്നിധ്യവും ആക്രമണവുമുണ്ടായിരിക്കുന്നത് എന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

മേഖലയിൽ പുലിയുടെ ആക്രമണം പതിവായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപത്തിലാണ് നാട്ടുകാർ. രണ്ട് ദിവസം മുൻപാണ് സമീപപ്രദേശമായ പാലപ്പിള്ളി കുണ്ടായിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക് സമീപം പുലിയിറങ്ങി മറ്റൊരു പശുവിനെ ആക്രമിച്ച് കൊന്നത്. ഈ സംഭവം നൽകിയ ഞെട്ടൽ മാറുംമുമ്പേയാണ് തൊട്ടടുത്ത സ്കൂൾ പരിസരത്തേക്ക് പുലി എത്തിയിരിക്കുന്നത്.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ മേഖലയിൽ മാത്രം പത്തിലേറെ വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നൊടുക്കിയത്.

Tags