ഹെല്‍മറ്റ് ധരിക്കാത്തതിന് രണ്ടുകോടിയിലേറെ രൂപ പിഴ ഈടാക്കി

helmet

സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയില്‍ 51,604 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയില്‍ 51,604 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,13,011 ഇരുചക്ര വാഹനങ്ങളാണ് ഹെല്‍മെറ്റ് ഓണ്‍ - സേഫ് റൈഡ് എന്ന ഒരാഴ്ച നീണ്ട സ്‌പെഷ്യല്‍ ഡ്രൈവില്‍ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം 2026 മാര്‍ച്ച് 18 മുതല്‍ 24 വരെ സംസ്ഥാന വ്യാപകമായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.


ഇരുചക്ര വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് സോണല്‍ എസ്പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.

Tags