500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതി ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി

living

ലിവിംഗ് വാട്ടേഴ്‌സ് സ്ഥാപനത്തിന് എതിരെ നടപടി ഉണ്ടാകും

പുനലൂര്‍ വെട്ടിത്തിട്ടയില്‍ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ് പറഞ്ഞു. സംഭവത്തെകുറിച്ച് സമിതി നേരിട്ട് അന്വേഷിക്കും. ലിവിംഗ് വാട്ടേഴ്‌സ് സ്ഥാപനത്തിന് എതിരെ നടപടി ഉണ്ടാകും. സ്ഥാപനത്തിലെ കുട്ടികളില്‍ നിന്ന് മൊഴി എടുക്കുമെന്നും ഷൈന്‍ ദേവ് പറഞ്ഞു. കേസില്‍ സ്ഥാപനത്തിലെ പാചകക്കാരനായ ലൈജ, വാര്‍ഡന്‍ ടോം എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. 

കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ കുക്കും വാര്‍ഡനുമാണ് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തി. രക്ഷിതാവിനോട് കുട്ടി വിവരം പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് കേസെടുത്തു. വാര്‍ഡനും സഹായിയും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. മകനെ കാലില്‍ കയര്‍ കെട്ടി ഫാനിന്റെ ഹൂക്കില്‍ തൂക്കിയിട്ടെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 

മകന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. വെക്കേഷന്‍ ആയപ്പോള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരുന്നു. വിഷമിച്ചിരിക്കുന്നത് എന്തെന്ന് ചോദിച്ചപ്പോഴാണ് മകന്‍ വിവരം പറയുന്നത്. ലിജു എന്ന കുക്കാണ് ഉപദ്രവിച്ചത്. മുമ്പും മകനെ ഉപദ്രവിച്ചിട്ടുണ്ട്. സൂപ്രണ്ട് ചെകിടത്ത് അടിച്ചു. നോക്കാന്‍ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ് ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Tags