ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്; ഇന്ന് റീ പോസ്റ്റ്മോർട്ടം
ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍വെച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) കൊല്ലപ്പെട്ടത്.
ആലപ്പുഴ: ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്. ഇന്ന് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കൊല്ലപ്പെട്ട സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്.പെന്തില്‍മണ്ണ സ്വദേശിയായ സദറുല്‍ അനം നിലവില്‍ ഉസ്‌ബെക്കിസ്താന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതി സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം.
സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി നേരത്തെയും സാവരിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് മൊഴി.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്.
പ്രതി പെണ്‍കുട്ടി താഴെ വീണു എന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. ഉസ്‌ബെക്കിസ്താന്റെയും ഇന്ത്യയുടെയും നയതന്ത്ര കരാര്‍ അനുസരിച്ച് പ്രതിയും ഇരയും ഇന്ത്യയില്‍ നിന്നുളളവര്‍ ആയതിനാൽ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. വിചാരണയടക്കമുളള നടപടികള്‍ ഇന്ത്യയിലാകാനാണ് സാധ്യത.
ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍വെച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ.
ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.മകളെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം കുടുംബം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുമായി വാക്കുതർക്കമുണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സദറുല്‍ അനം ആക്രമിക്കുകയുമായിരുന്നു.
.jpg)

