വിഴിഞ്ഞം സ്വദേശിയായ 6ാം ക്ലാസുകാരന്‍ നാഗര്‍കോവിലില്‍ കുളത്തില്‍ മരിച്ചത് കൊലപാതകം, സുഹൃത്ത് അറസ്റ്റില്‍

google news
adil

ഒരു വര്‍ഷം മുന്‍പ് നാഗര്‍കോവില്‍ തിട്ടുവിള കുളത്തില്‍ വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസ്സുകാരന്‍ മരിച്ച സംഭവം കൊലപാതകം. സംഭവത്തില്‍ സുഹൃത്തായ 14 കാരനെ തമിഴ്‌നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. 2022 മെയ് 8നാണ് നാഗര്‍കോവില്‍ ഇറച്ചകുളത്തെ ബന്ധുവീട്ടില്‍ എത്തിയ വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ആശുപത്രി റോഡില്‍ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകന്‍ ആദില്‍ മുഹമ്മദ്(12) സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തമിഴ്‌നാട് ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെ മാതാപിതാക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അന്വേഷണം സി.ബി.സി.ഐ.ഡി യ്ക്ക് കൈമാറിയത്. ആറ് മാസത്തെ അന്വേഷണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 14  കാരനെ സി.ബി.സി.ഐ.ഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. നിലവില്‍ മരണവിവരം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ 14കാരനെതിരെ ചുമത്തിയിട്ടുണ്ട്. 
കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനാണോ വിജനമായ പ്രദേശത്ത് എത്തിച്ചതെന്നതടക്കമുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. സംഭവ ദിവസം കൊല്ലപ്പെട്ട ആദില്‍ മുഹമ്മദ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ടീഷര്‍ട്ട് ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഇല്ലായിരുന്നു. 
ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദില്‍ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് 14 കാരനെ പിടികൂടിയത്. 

Tags