സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, രാത്രീ വീട്ടിലെത്തി ; കണ്ണൂരില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ കേസെടുത്തു
തന്നെ മര്‍ദ്ദിച്ചെന്ന വില്ലേജ് ഓഫീസറുടെ പരാതിയില്‍ യുവതിക്കും ഭര്‍ത്താവിനും കണ്ടാലറിയാവുന്ന 12 പേര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയ്ക്ക് ഫോണ്‍ വഴി അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫീസര്‍ ആലപ്പുഴ സ്വദേശി ജിജു സ്‌കറിയയ്‌ക്കെതിരെയാണ് (48) താഴെ ചൊവ്വ സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. അതേസമയം തന്നെ മര്‍ദ്ദിച്ചെന്ന വില്ലേജ് ഓഫീസറുടെ പരാതിയില്‍ യുവതിക്കും ഭര്‍ത്താവിനും കണ്ടാലറിയാവുന്ന 12 പേര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി എത്തിയ തനിക്ക് ഈ മാസം 11 മുതല്‍ 25 വരെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശമയച്ചെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്ച രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി മാനഹാനി ഉണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാരടക്കമുള്ള ഒരു സംഘം ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നെന്നും തുടര്‍ന്നാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.
അപേക്ഷയില്‍ യഥാസമയം നടപടിയെടുത്തില്ലെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം തന്നെ വിളിച്ചുവരുത്തി ഹെല്‍മെറ്റ് അടക്കം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ജിജു സ്‌കറിയ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
.jpg)

