'ട്വൽത് മാനി'ൽ രാഹുലും : ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ട് മോഹൻലാൽ

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ട്വൽത് മാനി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. രാഹുൽ മാധവ് അവതരിപ്പിക്കുന്ന ‘സാം’ എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവിട്ടത്. മോഹൻലാലാണ് പോസ്‌റ്റർ പങ്കുവെച്ചത്.
മെയ് 20ന് ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്. അതേസമയം മോഹൻലാൽ ഒഴികെ അഞ്ച് കഥാപത്രങ്ങളുടെ ക്യാരക്‌ടർ പോസ്‌റ്ററുകളാണ് ഇതുവരെ പുറത്തു വന്നിരിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന മാത്യു, പ്രിയങ്ക നായർ അവതരിപ്പിക്കുന്ന ആനി, ഉണ്ണി മുകുന്ദന്റെ സക്കറിയ, ശിവദ അവതരിപ്പിക്കുന്ന ഡോക്‌ടർ നയന എന്നിവരെയാണ് പ്രേക്ഷകർ ഇതിനോടകം പരിചയപ്പെട്ടത്.
അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. ഏറെ നിഗൂഢതകൾ നിറഞ്ഞതായിരിക്കും ചിത്രമെന്ന് വ്യക്‌തമാക്കുന്നതാണ് ട്രെയ്‌ലർ. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെആര്‍ കൃഷ്‌ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹണവും രാജീവ് കോവിലകം കലാസംവിധാനവും നിര്‍വഹിക്കുന്നു. പശ്‌ചാത്തലസംഗീതം ഒരുക്കുന്നത് അനില്‍ ജോണ്‍സണാണ്. ‘ദൃശ്യം-2‘വിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ട്വല്‍ത് മാന്‍’.