മോഡൽ ഷഹാനയുടെ മരണം : അറസ്‌റ്റിലായ ഭർത്താവ് റിമാൻഡിൽ
shahana husband


കോഴിക്കോട്: നടിയും മോഡലുമായ കോഴിക്കോട് പറമ്പിൽ ബസാറിൽ ഷഹാനയുടെ മരണത്തിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്‌എംസി കോടതി സജാദിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്‌ത്രീപീഡനം, ആത്‍മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഇന്നലെ രാത്രിയാണ് ഷഹാനയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സജാദിന്റെ നിലവിളി കേട്ടെത്തിയ അയൽവാസികൾ എത്തിയപ്പോൾ സജാദിന്റെ മടിയിൽ അവശയായി കിടക്കുന്ന ഷഹാനയെയാണ് കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഷഹാനയുടെ മരണം ആത്‌മഹത്യ ആണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. എന്നാൽ, ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കാരണങ്ങൾ വ്യക്‌തമാകൂ എന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രി തന്നെ സജാദിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കോഴിക്കോട് ചെറുകുളം സ്വദേശിയായ സജാദും കാസർഗോഡ് സ്വദേശിയായ ഷഹാനയും തമ്മിലുള്ള വിവാഹം ഒന്നര വർഷം മുൻപാണ് നടക്കുന്നത്.

വിവാഹം കഴിഞ്ഞത് മുതൽ സജാദ് ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കോഴിക്കോട് പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനക്കൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു സജാദ്.

Share this story