''എന്റെ മോനെ അവര്‍ കൊന്നു; എനിക്കിനി ആരുമില്ല. രണ്ടാമത്തെ മകനെയും അവര്‍ കൊല്ലും'' : പൊട്ടിക്കരഞ്ഞ് ഇർഷാദിന്റെ ഉമ്മ

പേരാമ്പ്ര: ''എന്റെ മോനെ അവര്‍ കൊന്നു; എനിക്കിനി ആരുമില്ല. രണ്ടാമത്തെ മകനെയും അവര്‍ കൊല്ലും'' -മകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകേട്ട് വിശ്വസിക്കാനാകാതെ ഇര്‍ഷാദിന്റെ ഉമ്മ നഫീസ വിതുമ്പിക്കരഞ്ഞു. മകനെ പോലീസ് രക്ഷിച്ചു കൊണ്ടുവരുമെന്നു കാത്തിരുന്ന ഉമ്മയ്ക്കും ഉപ്പ നാസറിനും കേട്ടതൊന്നും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മൃതദേഹം മാറി സംസ്‌കരിച്ചതിനാല്‍, അവസാനമായി ഒരുനോക്കുകാണാന്‍പോലുമാകാതെ പൊട്ടിക്കരയുകയാണിവര്‍.
''പണമുണ്ടെന്നുകരുതി എന്തും കളിക്കാമെന്ന് കരുതരുത്. മോന്റെ ജീവനെടുത്തവരെ വെറുതെവിടരുത്. നല്ല ശിക്ഷ കൊടുക്കണം. നഫീസയുടെ വാക്കുകള്‍ കരച്ചിലിനിടയില്‍ ഇടയ്ക്കിടെ മുറിഞ്ഞു. എന്റെ രണ്ടാമത്തെ മകനും ദുബായിലാണ്. അവനെയും അവര്‍ ഒരുദിവസം പിടിച്ചുകൊണ്ടുപോയതാണ്. അവനെയും അവര്‍ കള്ളക്കേസില്‍ കുടുക്കും.'' -അവര്‍ പറഞ്ഞു.
''നല്ല നീന്തലറിയുന്നവനാണ് ഇര്‍ഷാദ്. നല്ല വെള്ളമുള്ളിടത്തും അവന്‍ നീന്തിക്കയറും. അവന്‍ ഒരിക്കലും മുങ്ങിമരിക്കില്ല. സ്വര്‍ണക്കടത്തുസംഘം കൊന്നുകൊണ്ടുവന്നിട്ടതാകാനേ വഴിയുള്ളൂ'' -ഉപ്പ നാസര്‍ പറയുന്നു. ''കുറ്റക്കാരെയെല്ലാം പിടികൂടാന്‍ നിയമത്തിനായില്ലെങ്കില്‍ ഞാന്‍ തന്നെ അതിനായി ഇറങ്ങേണ്ടിവരും. ഇനിയൊരു മക്കള്‍ക്കും ഈ ഗതി ഉണ്ടാകരുത്''. മേപ്പയ്യൂരിലെ ദീപക്കിന്റെ കുടുംബത്തിന് സംശയമുണ്ടായിട്ടും തിടുക്കത്തില്‍ സംസ്‌കാരം നടത്തിയതെന്തിനാണെന്ന ചോദ്യവും കുടുംബം ഉയര്‍ത്തുന്നു. ഡി.എന്‍.എ. പരിശോധനാഫലം വരുന്നതുവരെയെങ്കിലും കാത്തിരിക്കാമായിരുന്നില്ലേയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
നാസറിന്റെ മൂന്നുമക്കളില്‍ മൂത്തയാളാണ് ഇര്‍ഷാദ്. കുറച്ചുകാലം വിദേശത്തായിരുന്ന നാസര്‍ കടിയങ്ങാട് റോഡില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇളയമകന്‍ അര്‍ഷാദും ദുബായിലാണ്. സഹോദരിയുടെ നിക്കാഹിന് തൊട്ടുമുമ്പാണ് ഇര്‍ഷാദ് നാട്ടിലേക്ക് എത്തിയത്. എന്നാല്‍, ഭീഷണിയുള്ളതിനാല്‍ അതില്‍ പങ്കെടുക്കാന്‍നില്‍ക്കാതെ വീട്ടില്‍നിന്നും പോവേണ്ടിവരുകയായിരുന്നു. ഇര്‍ഷാദിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. ഭാര്യ ഷഹദ പറമ്പത്തെ സ്വന്തം വീട്ടിലാണുള്ളത്. ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞെങ്കിലും സൂപ്പിക്കടയിലെ വീട്ടിലേക്ക് എത്തിച്ചിട്ടില്ല.