കോതമംഗലത്ത് 61 കാരിയുടെ കൊലപ്പെടുത്തിയത് ക്രൂരമായി ; ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കൊലപാതകം

murder

ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കുര്യാക്കോസ്, ഭാര്യയെ കൊലപ്പെടുത്തുന്നത്.

എറണാകുളം കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്‌ഐആര്‍. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറില്‍ കുഞ്ഞമ്മ (61) യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് പി വി കുര്യാക്കോസി (65) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കുര്യാക്കോസ്, ഭാര്യയെ കൊലപ്പെടുത്തുന്നത്.


പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അടുക്കളയില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ കത്തി ഉപയോഗിച്ച് കുഞ്ഞമ്മയെ പത്ത് തവണയെങ്കിലും കുര്യാക്കോസ് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു. മകന്‍ അയല്‍വാസിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു.

മറ്റൊരാളുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് മകളുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. കുര്യാക്കോസിന്റെ മൊഴിയിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. മൂന്നാഴ്ച മുന്‍പാണ് കുര്യാക്കോസിന് ബൈപാസ് ശസ്ത്രക്രിയ നടത്തിയത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാലിനും പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിഷാദരോഗമുണ്ടായിരുന്നതായും പറയുന്നു. ഇതിനിടെയാണ് നടുക്കുന്ന കൊലപാതകം.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞമ്മയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം.

Tags