പാലക്കാട് വീട് നിര്‍മാണത്തിനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം
സംഭവസമയത്ത് മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു.
വീട് നിര്‍മാണത്തിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു. വീടുനിര്‍മാണത്തിനായി പില്ലര്‍ സ്ഥാപിക്കാന്‍ എടുത്ത അഞ്ചടിയിലേറെ താഴ്ചയുള്ള കുഴിയിലാണ് കുട്ടി വീണത്. മുണ്ടൂര്‍ സ്വദേശികളായ ജഗദീഷ്തുളസി ദമ്പതികളുടെ മകള്‍ അനുശ്രീയാണ് മരിച്ചത്. സംഭവസമയത്ത് മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുടുംബം താമസിക്കുന്ന വീടിന് സമീപത്തായാണ് പുതിയ വീടും നിര്‍മിക്കുന്നത്. കുഴിയില്‍ നിറയെ വെള്ളം കെട്ടിനിന്നിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ചിറ്റൂരിലെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു മാതാപിതാക്കള്‍.
കളിക്കുന്നതിനിടെ അനുശ്രീയെ പെട്ടെന്ന് കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുഴിക്ക് സമീപത്ത് നിന്നായി കുട്ടിയുടെ ചെരുപ്പ് കണ്ടെത്തിയത്. പിന്നാലെ അനുശ്രീയെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.
.jpg)

