കോംബോ ഓഫർ പണിപറ്റിച്ചു..! കടയ്ക്കാവൂരിൽ ഷവർമയും ഷവായിയും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: ചിറയിൻകീഴ് കടയ്ക്കാവൂരിൽ സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പുതുതായി ആരംഭിച്ച ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ.കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള 'സിഗ്നേച്ചർ ഡിഷസ്' എന്ന കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേരാണ് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
തുച്ഛമായ വിലയ്ക്ക് ഷവർമയും ഷവായിയും ഒരുമിച്ച് നൽകുന്ന കോംബോ ഓഫർ പരസ്യം കണ്ടാണ് ഭൂരിഭാഗം പേരും ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയത്. എന്നാൽ ഇത് കഴിച്ചതിന് പിന്നാലെ കുട്ടികളടക്കമുള്ള ഉപയോക്താക്കൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. നിലവിൽ ആരുടെയും നില ഗുരുതരമല്ല.സംഭവത്തെത്തുടർന്ന് രോഗബാധിതരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഔദ്യോഗികമായി പരാതി നൽകി.
വിഷബാധയേറ്റ കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലുമായാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
.jpg)

