2008-ലെ എങ്ങണ്ടിയൂർ കൊലപാതകക്കേസ്: 18 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ യുഎഇയിൽ നിന്ന് നാട്ടിലെത്തിച്ചു

2008 Engandiyoor murder case: Accused who was absconding for 18 years brought back from UAE

തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കേരളത്തിലെത്തിച്ചു. 2008-ലെ എങ്ങണ്ടിയൂർ ധനേഷ് കൊലപാതകക്കേസിലെ മൂന്നാം പ്രതിയായ രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് സിബിഐയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ യുഎഇയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചത്. തൃശൂർ ക്രൈംബ്രാഞ്ച് പൊലീസ് സംഘമാണ് യുഎഇയിലെത്തി പ്രതിയെ ഏറ്റുവാങ്ങി ഇന്നലെ കേരളത്തിലേക്ക് കൊണ്ടുവന്നത്.

2006-ൽ തൃശൂർ എങ്ങണ്ടിയൂർ ചന്തപ്പീടികയിൽ വെച്ച് സുജിത്ത് എന്നയാൾ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്ന ധനേഷിനെ, 2008 ഒക്ടോബർ ഒന്നിന് തിരുമംഗലം ക്ഷേത്രത്തിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് രാഗേഷ് പ്രതിയായത്. അന്ന് വൈകീട്ട് ആറുമണിയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം മഴുവും വടിവാളും ഉപയോഗിച്ചാണ് ധനേഷിനെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് മാത്രം നാട്ടിലെത്തിയ രാഗേഷ് ഉൾപ്പെടെ രണ്ട് പ്രതികൾ, കൃത്യം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗൾഫിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിനിടെ ഒളിവിൽ പോയ രാഗേഷിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതിനെത്തുടർന്ന്, പൊലീസിന്റെ അഭ്യർത്ഥനപ്രകാരം സിബിഐയുടെ ഇന്റർപോൾ വിഭാഗം റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎഇ അധികൃതർ രാഗേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും തുടർന്ന് കേരള പൊലീസിന് കൈമാറുകയുമായിരുന്നു.

Tags