താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ 20-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

20-year-old woman gang-raped in a bus parked in Thamarassery; Two bus staff arrested

 കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിൽ 20 വയസ്സുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിലെ ഡ്രൈവറായ പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, ക്ലീനറായ കൈതപ്പൊയിൽ സ്വദേശി പി.എസ്. സജിത്ത് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ കുടുംബവുമായി അടുത്ത പരിചയമുള്ളവരാണ് പ്രതികൾ. ഏപ്രിലിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കാറിലെത്തിയ പ്രതികൾ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ഉപദ്രവിച്ചു. ഒടുവിൽ താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ വെച്ചും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പീഡനത്തെത്തുടർന്ന് മാനസികമായും ശാരീരികമായും തളർന്ന യുവതി കാക്കൂർ, താമരശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Tags