സന്നിധാനത്ത് ശൗചാലയങ്ങളുടെ പരിപാലനം നിരീക്ഷിക്കാൻ 17 സൂപ്പർവൈസർമാർ; സൗകര്യങ്ങൾ ഭക്തർക്ക് പൂർണ്ണമായും സൗജന്യം

17 supervisors to monitor the maintenance of toilets at Sannidhanam; facilities are completely free for devotees

ശബരിമല: മരക്കൂട്ടം മുതൽ സന്നിധാനം വരെയും സന്നിധാനത്തും സ്ഥിതി ചെയ്യുന്ന ശൗചാലയങ്ങളുടെ പരിപാലനവും ശുചീകരണവും കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് 17 സൂപ്പർവൈസർമാരെ നിയോഗിച്ചു. മണ്ഡലകാലത്തിന് മുന്നോടിയായി ബോർഡ് കൈക്കൊണ്ട തീരുമാനപ്രകാരം സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ എല്ലാ ശൗചാലയങ്ങളും കുളിമുറികളും ഭക്തർക്ക് പൂർണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്.

ശുചീകരണ പ്രവർത്തനങ്ങൾക്കായി ദേവസ്വം ബോർഡ് നേരിട്ട് നിയമിച്ച താൽക്കാലിക ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള വേതനവും ബോർഡ് തന്നെയാണ് നൽകുന്നത്. സന്നിധാനത്ത് ആകെ 1,125 ശൗചാലയങ്ങളാണ് ഭക്തർക്കായി സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ വലിയ നടപ്പന്തലിന്റെ വലതുഭാഗത്തായി പുരുഷന്മാർക്കും സ്ത്രീകൾക്കും 80 വീതം ആകെ 160 ടോയ്‌ലറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശൗചാലയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിനായി 147 ജീവനക്കാരെ മൂന്ന് ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ശുചീകരണത്തിന് ആവശ്യമായ ക്ലീനിംഗ് ലോഷൻ, സോപ്പ് തുടങ്ങിയവയും ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കരാറുകാർക്ക് നൽകിയിരുന്ന അന്നദാന മണ്ഡപത്തിന് സമീപത്തെ ടോയ്‌ലറ്റ് ബ്ലോക്കും ഇത്തവണ ഭക്തർക്കായി സൗജന്യമാക്കിയിട്ടുണ്ടെന്ന് മരാമത്ത് ശബരിമല സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ജി. മനോജ് കുമാർ അറിയിച്ചു.

Tags