കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്

accident

ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ ഇടുക്കിയില്‍ വിനോദ യാത്രയ്ക്ക് എത്തി മടങ്ങുകയായിരുന്നുവെന്ന് കുളമാവ് പൊലീസ് പറഞ്ഞു

ഇടുക്കി തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയര്‍പിന്‍ വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്. വളവില്‍ നിയന്ത്രണം നഷ്ടമായ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശി ജ്യോതികയെ (16)  തൊടുപുഴയിലേയ്ക്ക് മാറ്റി. ഡ്രൈവര്‍ കുന്നിക്കോട്  എസ് ഷംനാദ് (36), അധ്യാപകരായ അംജാത് (42) നൗഫല്‍ (32) എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. റോഡില്‍ കുത്തനെയുള്ള ഇറക്കത്തിലാണ് വാഹനം നിയന്ത്രണം വിട്ടത്. റോഡരികിലെ ഞാവല്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.

tRootC1469263">


ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഘം കുന്നിക്കോട്ടു നിന്നും പുറപ്പെട്ടത്. രാത്രി 7.30 ഓടെയാണ് അപകടം. ഡ്രൈവറുടെ കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മരത്തിനും വാഹനത്തിനുമിടയില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. കുളമാവ് പൊലീസും മൂലമറ്റത്തുനിന്നെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സന ഫാത്തിമ, സുബനാസ്, അദില ലിസ, മുഹമ്മദ് ഫറൂഖ്, നിധി സജീവ്, എസ് ശ്രീരാഗ്, ഫാബിയ ഫാത്തിമ, എല്‍.കൃഷ്ണപ്രിയ, എല്‍. നുഫാല്‍, ഫാത്തിമ അലി, എസ്.ഷെമീര്‍ എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവരെല്ലാം മൂലമറ്റം ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കേറ്റവരെ കാഞ്ഞാര്‍ പൊലീസ് ജീപ്പിലും ആംബുലന്‍സിലുമായി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

വിദ്യാര്‍ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ ഇടുക്കിയില്‍ വിനോദ യാത്രയ്ക്ക് എത്തി മടങ്ങുകയായിരുന്നുവെന്ന് കുളമാവ് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടുക്കി സന്ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങുന്നതിനിടെ കുത്തനെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാഹനം മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. വാഹനം താഴെ കൊക്കയിലേക്ക് പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Tags