തെളിവ് തരുന്നവര്‍ക്ക് 1 കോടി, ആരും വന്നില്ല ; യൂത്ത് ലീഗ് തുറന്ന കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് പി കെ ഫിറോസ്

google news
youth league

കേരള സ്‌റ്റോറി സിനിമയില്‍ പറയുന്നതുപോലെ 32,000 പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റിയതിന്റെ തെളിവ് നല്‍കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ് തുറന്ന കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഒറ്റയെണ്ണം വന്നില്ല എന്നായിരുന്നു പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

തെളിവുമായെത്തുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നായിരുന്നു യൂത്ത് ലീഗിന്റെ വാഗ്ദാനം. തെളിവുമായി ആരും എത്താത്തതിനെ തുടര്‍ന്നാണ് കൗണ്ടറുകള്‍ അടച്ചത്. 14 ജില്ലകളിലും യൂത്ത് ലീഗ് പ്രത്യേക കൗണ്ടറുകള്‍ തുറന്നിരുന്നു.

യൂത്ത് ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഒരാള്‍ക്കും കഴിഞ്ഞില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ഫേസ്ബുക്കില്‍ കുറിച്ചത്

കേരള സ്റ്റോറിയിലൂടെ 32000 പേരെ മതം മാറ്റി എന്ന നുണക്കഥയുമായി വന്നവരോട് തെളിവുകള്‍ ചോദിച്ചു യൂത്ത് ലീഗ് കേരളത്തിന്റെ തെരുവില്‍ മണിക്കൂറുകളോളം കാത്തു നിന്നു. വെറുതെയല്ല. തെളിവ് തരുന്നവര്‍ക്ക് 1 കോടിയുടെ ഇനാം പ്രഖ്യാപിച്ചാണ് കാത്തു നിന്നത്. 32000 പോയിട്ട് മൂന്നാളുകളുടെ തെളിവുമായി 14 ജില്ലകളിലെ കൗണ്ടറുകളില്‍ ഒരാളു പോലും വന്നില്ല. ഒരു കോടിയുടെ ചെക്ക് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ചീന്തി കളയുന്നു…

Tags